Kerala
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിനിടെ മകനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് പരിധിയിൽ നടന്ന സംഭവത്തിൽ വിനയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മകൻ ഹൃത്വിക്ക് (28) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദൻ മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.
അത് വലിയ വഴക്കിലേക്കും കൈയാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛൻ കമ്പിപ്പാരകൊണ്ട് മകന്റെ തലയ്ക്കടിച്ചത്.
Sports
ലാഹോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് മികച്ച നിലയില്‍. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനായി ഇമാം ഉള് ഹഖ് (93), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (76) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മുഹമ്മദ് റിസ്വാന് (62), സല്മാന് അഗ (52) എന്നിവരാണ് ക്രീസില്‍. തകർച്ചയോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കം. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സുള്ളപ്പോള്‍ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (രണ്ട്) വിക്കറ്റ് അവർക്ക് നഷ്ടമായി.
പിന്നാലെ ഇമാം - ഷാന്‍ സഖ്യം 161 റണ്‍സ് കൂട്ടിചേര്‍ത്തു. ബാബര്‍ അസം (23) റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെനുരാന് മുത്തുസാമി രണ്ട് വിക്കറ്റ് വീഴ്ത്തി.
National
ഭോപാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മധ്യപ്രദേശ് ദേവാസ് ജില്ലയിൽനിന്ന് കാണാതായ ലക്ഷിത ചൗധരി-22 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ ധരിക്കുന്ന വേഷമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവിലായിരുന്ന യുവതിയുടെ സുഹൃത്ത് മനോജ് ചൗഹാൻ പോലീസിൽ കീഴടങ്ങി. മറ്റൊരാളുമായി അടുപ്പം കാണിച്ചതിനെ തുടർന്ന് ലക്ഷിതയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി.
പ്രതിയായ മനോജിന്റെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ പോകാനായി വീട്ടിൽനിന്നും ഇറങ്ങിയ ലക്ഷിത തിരികെ വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.